Ayyankuzhi Sree Dharma Sastha Temple
ശ്രീ ധർമ്മ ശാസ്താവിന്റെ പ്രതിഷ്ഠയുള്ള പ്രദേശത്തെ ഏക ക്ഷേത്രം
   Home      ചരിത്രം
അതീവ ശക്തിയുള്ള ദേവ ചൈതന്യമാണ് അയ്യങ്കുഴി ശ്രീ ധർമ്മ ശാസ്താവിനു ഉള്ളത് എന്ന് അനുഭവസ്ഥർ ആയ ഭക്ത ജനങ്ങൾ പറയുന്നു.  അയ്യങ്കുഴി എന്നാ പേര് വന്നതിലും ചില ഐതിഹ്യങ്ങൾ ഉണ്ട്. 

ആദ്യ കാലത്ത് മണ്ഡല മാസത്തിൽ മാത്രം 41 ദിവസം ചുറ്റുവിളക്ക്, ഭജന എന്നിവ ഉണ്ടായിരുന്നുള്ളൂ. പല പൂജാരിമാരും ഇതിനിടെ മാറി മാറി വന്നു. കൊരമ്പ് മനയിലെ സുബ്രമണ്യൻ നമ്പൂതിരി വന്നതിനു ശേഷം വർഷങ്ങളോളം അദ്ദേഹം പൂജ കഴിച്ചിരുന്നു. കൊരമ്പ് മന സുബ്രമണ്യൻ നമ്പൂതിരി പിന്നീട് ഹരിദാസ് നമ്പൂതിരിയോട് ക്ഷേത്രം തുറന്നു പ്രവര്തിക്കാൻ ആവശ്യപ്പെടുകയും കെ എസ് എഫ് ഇ ജോലിക്കാരനായ ഹരിദാസ് നമ്പൂതിരി കുറച്ചു വർഷം ജോലിയിൽ നിന്ന് ലീവ് എടുത്തു ക്ഷേത്ര പൂജാദി കാര്യങ്ങൾ നടത്തി വന്നു. ഈ കാലയളവിൽ ആണ് അയ്യങ്കുഴി ക്ഷേത്ര ചരിത്രത്തിൽ ആദ്യമായി ഭക്തരുടെ സഹകരണത്തോടെ നിത്യ പൂജ ആരംഭിക്കുന്നത്. രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ പൂജകൾ മുടക്കമില്ലാതെ വന്നു. ക്ഷേത്രത്തിൻറെ പേരിൽ ഒരു ഭക്തിഗാന സി ഡി ഇറങ്ങി. നാട്ടുകാർ 40 ൽ അധികം ആളുകൾ നിത്യപൂജക്ക് ബുക്ക്‌ ചെയ്തതോടെ ക്ഷേത്ര പ്രവർത്തനങ്ങൾ കൂടുതൽ നല്ല രീതിയിലേക്ക് വന്നു. എല്ലാ മലയാള മാസം ഒന്നാം തിയ്യതിയും ക്ഷേത്രത്തിൽ അന്നദാനം നടത്തുവാൻ തുടങ്ങി. തുടർന്ന് ക്ഷേത്രത്തിനു മുന്നിൽ ഒരു നടപ്പുര പണിതു. വെള്ളത്തിൻറെ ലഭ്യതക്കായി ഒരു വാട്ടർ ടാങ്ക് വച്ചു. ക്ഷേത്ര കാര്യങ്ങൾ അറിയുന്നതിനായി ഒരു അഷ്ട മംഗല്യ പ്രശ്നം വച്ചു. ഇതിനിടെ ക്ഷേത്രത്തിൽ അയ്യപ്പ ഭാഗവത സപ്താഹം തുടങ്ങുകയും പൂർത്തി യാക്കും മുമ്പ് ചില അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സപ്താഹം വായിക്കുന്ന ആൾ അത് പൂർത്തിയാക്കാതെ തിരിച്ചു പോവുകയും ചെയ്തു. ഇതിനിടെ പല തരം വിഭിന്ന അഭിപ്രായങ്ങൾ ജനങ്ങളിലും പൂജാരിയിലും വന്നതോടെ ക്രമേണ ക്ഷേത്രം അടച്ചു പൂട്ടലിലേക്ക് നീങ്ങി. 

ഒരു പ്രദേശത്തെ ക്ഷേത്രം അടഞ്ഞു കിടന്നാൽ ആ പ്രദേശത്തെ നന്മയുടെ വെളിച്ചം കുറഞ്ഞു വരും എന്നതിന്റെ അടിസ്ഥാനത്തിൽ ഏതാനും അയ്യപ്പ ഭക്തന്മാർ ക്ഷേത്രം തുറക്കുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം കണ്ടു ക്ഷേത്ര ഉടമസ്ഥന്മാരായ കൊരമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊരമ്പ് മന ഹരിദാസ്  നമ്പൂതിരി എന്നിവരെ നേരിൽ കാണുകയും ദീർഘ നേരത്തെ ചർച്ചകൾക്ക് ശേഷം ക്ഷേത്രം ക്ഷേത്രം തുറന്നു ജനകീയ സഹകരണത്തോടെ പ്രവർത്തിക്കാമെന്നു ഉറപ്പ് തരികയും ചെയ്തു. തുടർന്ന് 2014 നവംബർ 23 ഞായറാഴ്ച ക്ഷേത്ര നടപ്പുരയിൽ കൊരമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ ജനകീയ യോഗത്തിൽ 70 പേർ പങ്കെടുത്തു.  ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾ ജനകീയ സഹകരണത്തോടെ നടത്തുന്നതിനായി കൊരമ്പ് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി പ്രസിഡണ്ട്‌ ആയി  അയ്യങ്കുഴി ക്ഷേത്ര സംരക്ഷണ സമിതി എന്ന പേരിൽ ക്ഷേത്ര കമ്മറ്റി രൂപവല്ക്കരിച്ചു. ദേവന്റെ ഹിതം അറിഞ്ഞു പ്രവർത്തിക്കുക എന്ന ലക്ഷ്യം  വച്ച്  2014 ഡിസംബർ 7 നു ഞായറാഴ്ച രാവിലെ 8:30 നു കരുവന്നൂർ സന്തോഷ്‌ പണിക്കരുടെ നേതൃത്വത്തിൽ ഒരു താംബൂല പ്രശ്നം വക്കുക എന്നതായിരുന്നു പുതിയ കമ്മറ്റിയുടെ പ്രഥമ തീരുമാനം.

നാടിന്റെ ഐശ്വര്യമായ ഈ ക്ഷേത്രം ദേവ ഹിതം അനുസരിച്ച് നിത്യപൂജയും മറ്റു പൂജകളും നടത്തുകയും തുടർന്ന് ക്ഷേത്ര നവീകരണവും നടത്താനുള്ള തയ്യാറെടുപ്പിലാണ്  പുതുതായി ക്ഷേത്ര ഭരണം ഏറ്റെടുത്ത അയ്യങ്കുഴി ക്ഷേത്ര സംരക്ഷണ സമിതി